Monday, December 01, 2008

അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്‌.

ഒടി (click hereto read this poem full)

അയല്‍വാസി ഒടിവെച്ചു.
അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്‌.
ഒടിയുടെ പാണ്ടുകള്‍
മണലില്‍ ഉരച്ചു കഴുകുമ്പോള്‍
ഒരു കൂറ്റന്‍ അറബിയെക്കണ്ടു............
.......................
..


Sunday, June 08, 2008

എ ഫ്യൂഡല്‍ ഓണ്‍ട്‌ ഗോഡസ്സ്‌ ഏന്റ്‌ ഹര്‍ ഓംലെറ്റ്സ്‌


മുട്ട പൊരിച്ചുതരുമമ്മായി

വെള്ളയില്‍‍നിന്നും പിടഞ്ഞെണീറ്റ്‌
മഞ്ഞയിലുപ്പും കുരുമുളകും
ചെല്ലുമ്പോള്‍ വായെല്ലാം കപ്പലോടും

വിദ്യയിതെന്നു പഠിച്ചമ്മായീ?
മുട്ടത്തോടെങ്ങു കളഞ്ഞമ്മായീ?

മുട്ട പൊരിച്ചുകഴിഞ്ഞാലോട്ടു-
ചട്ടുകം തെയ്യച്ചുവടുവെക്കും
മഞ്ഞയും വെള്ളയും ചൂടും ചൂരും
വെള്ളിപ്പിഞ്ഞാണത്തില്‍ച്ചെന്നു ചാടും
സ്വപ്നത്തിലാരോ ഞെരടിച്ചോന്ന
പച്ചമുലകളിളക്കിക്കൊണ്ട്‌
അമ്മാവന്മാരുടെയായുര്‍‍രേഖ
ചെന്നുമിനുത്തൊരുടല്‍ വിയര്‍ത്ത്‌
പാഞ്ചാലിയമ്മായി വൃത്തശില്‍പ്പം
വാഴയിലയില്‍ പ്പകുത്തുവയ്ക്കും
കുട്ടികള്‍ ഞങ്ങള്‍ കൊതിപിടിച്ചാ-
മുട്ടേപ്പസാഹിത്യം തിന്നുതീര്‍ക്കും
ആശാനുമുള്ളുരും വള്ളത്തോളും
വേശയമ്മായി തന്‍ നാവിലാടുംമുട്ടകളെന്നും പൊരിയും വീട്ടില്‍
കുട്ടികളേയും പെറുമമ്മായി
വിദ്യയിതെന്നു പഠിച്ചമ്മായി?
പദ്യപ്രവീണയാമെന്നമ്മായി?

അവിടെ നർമ്മദ ഉണ്ടായിരുന്നോ?


ഇവിടെ നര്‍മ്മദ ഉണ്ടായിരുന്നോ?
മക്കള്‍ ചോദിച്ചു.
മണലില്‍ പലതും നടന്നതിന്റെ പാടുകള്‍
ഞാന്‍തൊട്ടടുത്തുനിന്നവളുടെ
സാരിയൂരി മൂടി.
മദ്യപിച്ച്‌ മറിഞ്ഞ എന്റെ പ്രൊഫസര്‍മലയെ
കളിവിളക്കുപോലെ സൂര്യന്‍കാത്തു.

പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കിടക്ക്‌
മക്കളോട്‌ ഞാന്‍'ജനറല്‍ക്നോളഡ്ജ്‌ ' ചോദിച്ചു
പടിഞ്ഞാറ്‌?
ചാടിയുത്തരം 'ചുവന്ന കടല്‍
കിഴക്ക്‌?
ചാടിയുത്തരം 'കാവിക്കടല്‍ '
തെക്ക്‌?
മൂത്തവന്‍കവിയായി 'എരിഞ്ഞടങ്ങല്‍
രണ്ടില്‍ ഗുളികന്‍ നിന്നവന്റെ
തലക്കു ഞാന്‍ കിഴുക്കി

ഉള്ളങ്കയ്യില്‍ ജലം എടുക്കുമ്പോള്‍
ഓര്‍മ്മ വരണം മുത്തച്ഛന്‍ പറഞ്ഞത്‌.
'ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരീ'
ബാക്കി എനിക്കോര്‍മ്മ വന്നില്ല
'കവിമോന്‍' കൊള്ളിച്ചു ചിരിച്ചു.
ഇതിനിടക്ക്‌
നരകാസുരവധം കഴിഞ്ഞ ആകാശം
പോലെയായി ഇളയവള്‍
ഞാനുമ്മവെച്ചുപോയ്‌ ആ ചെങ്കൊടിയെ.

കാര്യവിചാരിപ്പുകാരി
ഭാര്യ പറഞ്ഞു;
'മണല്‍ വാരികളുടെ കൂടെ കുടിയ്ക്കരുത്‌
ചന്തി കഴുകാന്‍കടവില്‍ പോകരുത്‌
ചന്തമുള്ള വഞ്ചിയിലേ ഇരുന്നു പാടാവൂ
ചിന്തയില്‍ എപ്പോഴും കരുതണം
കാളിയേയും കുറുമാലിപ്പുഴയേയും'

ശുന്യതയില്‍ നിന്നെടുത്ത
അഞ്ഞൂറിന്റെ സത്തകൊണ്ട്‌
ടൈറ്റാനിക്‌ ഉണ്ടാക്കി ഒഴുക്കി
ഞാനവള്‍ക്ക്‌ ആദ്യത്തെ
ഹാര്‍ട്ട്‌ അറ്റാക്ക്‌ കൊടുത്തു.
അഗസ്ത്യന്റെ ഇരട്ടക്കുടങ്ങള്‍ മുഴക്കിയ
കവേരീപുരാണം അവസാനിച്ചു.

അടുത്ത ദിവസം തൊട്ട്‌ എനിക്കു തൊടങ്ങി

പെരിയാര്‍എന്റെ താടി കത്തിച്ചു
നിള ലിംഗം ഞെരിച്ചു
കബനി വാള്‍കാതില്‍ ത്തറച്ചു
മണിമലയാറും നെയ്യാറും പമ്പയും
എന്നെ ഒരു ഇരുമ്പുപലകയില്‍ ക്കിടത്തി
ഷോക്കടിപ്പിച്ചത്‌
തെല്ല് തെളിയുന്നുണ്ട്‌
ചുറ്റുകൂടിയ നദികള്‍
വിലക്ഷണമായ എന്റെ പ്രതിബിംബം
അട്ടഹാസങ്ങളോടെ വാരിക്കോരിപ്പൂശി.

ഇന്നലെ ഭ്രാന്തു മാറി .
തല മൊട്ടയടിച്ചു
അമ്മ തന്ന തേങ്ങാപ്പൂള്‍കൊതിയോടെ തിന്നു
ഇപ്പോള്‍
വറ്റിപ്പോയ കൃഷ്ണമണികളോടെ
തിണ്ണയിലിരുന്ന്
സുഗതകുമാരിയെ വായിക്കുന്നു

എന്നിട്ടും എന്തോ അസ്വസ്ഥത
ഒന്നു ചിരിക്കണമെന്നുണ്ട്‌.

Saturday, June 07, 2008

ഇടതുകണ്ണിലും വലതുകണ്ണിലും


അച്ഛന്റെ മുഖത്ത്‌
രണ്ടു തിമിരങ്ങളുണ്ടായിരുനു
ഇടതുകണ്ണിലും വലതുകണ്ണിലും

'ആത്മാവ്‌ ദാ' എന്ന്‌
അച്ഛൻ വലതുകൈ ചൂണ്ടിക്കാണിക്കുന്നു

ആർക്കും ഒന്നും മനസ്സിലായില്ല

പടവുകളിലൂടെ അച്ഛൻ
എങ്ങോട്ടോ കയറിപ്പോകുന്ന മട്ടുണ്ടായിരുന്നു.

ആരെയോ തൊട്ട ആനന്ദം
കുളിരനുഭവപ്പെട്ടവന്റെ നില.
'മക്കളെ വരിക ' എന്ന്‌ പതറിയ പറച്ചിൽ.

പിറുപിറുപ്പുകളുടെ മുഖത്തേക്ക്‌
അമ്മ പുച്ഛത്തോടെ നോക്കുന്നു
ചേച്ചി മുല കുലുക്കി ചിരിച്ചു രസിക്കുന്നു
ചേട്ടന്‌ വലിയ ഗൗരവങ്ങൾ വീണ്ടും കടന്നുവരുന്നു.

എറ്റവും
ഇളയവനായ ഞാൻ
അച്ഛന്റെ പടവുകൾ കണ്ടു.

രണ്ടു തിമിരങ്ങൾ ചേരുന്നിടത്ത്‌
അച്ഛനെക്കാത്ത്‌ ഒരാൾ
അവിടെ നിൽക്കുന്നു.

ഇന്നലെവരെ കാണാത്തൊരാൾ
ഉഗ്രവർണ്ണ ഡിസൈനുകൾ ചേരും
ഷർട്ടണിഞ്ഞ്‌ വസന്തം വരുന്നു
ചുണ്ടിലുണ്ട്‌ ചുരുട്ടതിൽനിന്നും
ചെണ്ടുലഞ്ഞ്‌ സുഗന്ധം പരന്നു

അറ്റമില്ലാത്ത മീശനീൾത്തുമ്പിൽ
പറ്റമായിത്തുളുമ്പുന്നു തുമ്പി
ആർത്തിരമ്പിക്കുതിച്ചുള്ള പോക്കിൽ
ഷൂസുകൾ ഹയ്യ! താമരപ്പൂക്കൾ!
കോട്ടുമിട്ടക്കരിവണ്ടുടുത്ത
ക്കാട്ടിലും പൂപ്പരേഡെടുക്കുന്നോ?
അർദ്ധരാത്രിക്കരിമ്പനമേലും
അർത്ഥപൂർണ്ണം സുമം വന്നുദിച്ചോ?
അർത്ഥപൂർണ്ണം 'സ്മെയിൽ' വന്നുദിച്ചോ?

നിദ്രചെന്നു വിളക്കണയ്ക്കുമ്പോൾ
നിശ്ചലതക്കിനാവണയുമ്പോൾ
ഒത്തുകിട്ടുന്ന പാറയിൽ സ്വന്തം
വിശ്രമം അവൻ നിശ്ചയിക്കുന്നു
വിശ്രമം അവൻ കൊത്തിവെക്കുന്നു

തൊപ്പിപല്ലുകൾ താഴെ വെക്കുന്നു
പെട്ടി മെല്ലെത്തുറക്കുന്നു കൈകൾ
പുഷ്പബാണമല്ലുജ്ജ്വലമപ്പോൾ-
പ്പൊട്ടുമമ്മട്ടുബോംബിന്റെ കൺകൾ
തെല്ലു പുഞ്ചിരിക്കൊണ്ടതുവീണ്ടും
മല്ലികപ്പൂവുപോലെയാകുന്നു

ഇന്നലെവരെക്കാണാത്തൊരാളെ
ഇന്നു കണ്ടു നാം ഞെട്ടിത്തെറിക്കെ
തൻ മുഖംമൂടി മാറ്റിക്കുയിലി-
ന്നുന്മദം രൂപമായ്പ്പരുങ്ങുന്നു.

ഉഗ്രവർണ്ണ ഡിസൈനുകൾ പൊട്ടി-
ഷർട്ടു കീറിപ്പറിഞ്ഞിരിക്കുന്നു
ഉഗ്രവർണ്ണഡിസൈൻകളിൽ പാറ-
ക്കെട്ടു പൊട്ടിത്തകർന്നിരിക്കുന്നു.

എന്റെ മുറിയിൽ ഭൗതികങ്ങളുടെ ഇടയിൽ നടന്നത്‌
ഷൂപോളിഷ്‌
പായ്ക്കറ്റുപ്പ്‌
മോമിന്റെ കഥാസമാഹാരം
പാതിബ്രെഡ്‌
കൊതുകുവല
തടിയൻ ഹാർമ്മോണിയം
സർവ്വോപരി ഞാൻ.
ഇതെല്ലാം ചുറ്റി
ഈ ഉറുമ്പിൻജാഥ
എങ്ങോട്ടാണ്‌ പോകുന്നത്‌?

ഉത്തരം ബാബു പറയു.

അന്തിനിഴൽ ആയിരം കാതം
അറബിക്കടൽ അനന്തത
ഇതൊന്നും ചുറ്റാതെ ഇവ
മറ്റേപകുതി ബ്രഡ്‌ തേടിപ്പോകുന്നു.

അതിനുചുറ്റും
വാഷിംഗ്സോപ്പ്‌
പായ്ക്കറ്റുമുളക്‌
യേറ്റ്സിന്റെ കവിതാസമാഹാരം
നീളൻ ഗിറ്റാർ
സർവ്വോപരി നീ.

ഉത്തരം ബാബു പറഞ്ഞു

ജാം പുരണ്ട ഉറുമ്പുകൾ
എട്ട്‌ എന്ന സംഖ്യ എഴുതി
ബൂർഷ്വാ മുറിയെ
ബന്ധിച്ചു.

ഭൂമിയുമാകാശവും
1.
ഒരു മരണം സംഭവിച്ചിട്ടുണ്ട്‌.
പീറ്റർ വണ്ടിയിടിച്ച്‌ മരിച്ചു.
വാഹനങ്ങളുടെ ഒരു ഭൂമി തെളിയുന്നു
റോഡരികുപറ്റി പീറ്റർ.
അവനെത്തൊടാതെ
എത്രയോ വാഹനങ്ങൾ പോകുന്നു?

കൃത്യസമയത്ത്‌
ഒരു വണ്ടി
കുടിച്ചു കൂത്താടി
ജീവിതത്തിന്റെ അതിരു വെട്ടിച്ച്‌
അവനെ ഇടിച്ചിടുന്നു

പീറ്റർ വണ്ടിയിടിച്ച്‌ മരിച്ചു.

വലിയ ആംബുലൻസിൽ
കദനവാഹനങ്ങളുടെ അകമ്പടിയോടെ
വീട്ടിലേക്കു കയറി
ലില്ലിയുടെ ജീവിതത്തിനുമുമ്പിൽ
പ്രിയൻ പീറ്റർ കിടന്നു

അച്ചൻമാർ അയൽക്കാർ
ബന്ധുക്കൾ
വന്ധ്യമായ തന്റെ ഗർഭപാത്രം
എല്ലാം
അലംകൃതമായ ഒരു കേക്കിന്റെ രൂപത്തിൽ
ഇന്നും ലില്ലിയുടെ മനസ്സിലുണ്ട്‌.
ഭൂമി കുഴിച്ച്‌ പീറ്ററെ അടക്കിയതും
ഇടിച്ച വണ്ടി വീണ്ടുമോടിത്തുടങ്ങിയതും
ഓർത്ത്‌
ഭൂമിയുടെ അരികുപറ്റി
ലില്ലി പോകുന്നു

അവൾക്ക്‌ ഭൂമി മാത്രം.2.


ഒരു മരണം സംഭവിച്ചിട്ടുണ്ട്‌.
പീറ്റർ തൂങ്ങിമരിച്ചു.

ചില്ലകളുടെ ഒരു ആകാശം തെളിയുന്നു
മാഞ്ചുവട്ടിൽ പീറ്റർ.
അവനെ ഗൗനിക്കാതെ
എത്രയോ ചില്ലകൾ പോകുന്നു?

കൃത്യസമയത്ത്‌
ഒരു കുരുക്ക്‌ കുടിച്ചു കൂത്താടി
ജീവന്റെ അതിരുവെട്ടിച്ച്‌
അവനെ തൂക്കിയിടുന്നു.

പീറ്റർ തൂങ്ങിമരിച്ചു.

വലിയ ആംബുലൻസിൽ
കദനവാഹനങ്ങളുടെ അകമ്പടിയോടെ
വീട്ടിലേക്കു കയറി
മേരിയുടെ ജീവിതത്തിനു മുമ്പിൽ
പീറ്റർമോൻ കിടന്നു

അച്ചന്മാർ അയൽക്കാർ
ബന്ധുക്കൾ
വരണ്ടുപോയ തന്റെ മാതൃത്വം
എല്ലാം അലംകൃതമായ ഒരു കേക്കിന്റെ രൂപത്തിൽ
മേരിയുടെ മനസ്സിലുണ്ട്‌
ആകാശത്ത്‌ പീറ്ററിന്റെ ചില്ല കിടക്കുന്നതും
ചിതറിയ പക്ഷികൾ വീണ്ടുമൊന്നിച്ചു പാടുന്നതും
ഓർത്ത്‌
ആകാശത്തിന്റെ അരികുപറ്റി മേരി പോകുന്നു

അവൾക്ക്‌ ആകാശം മാത്രം.

രണ്ടല്ലോ തിര


ജലത്തിൻ അളവുകൾ
പഠിക്കാൻ ചമ്രംപടി-
ഞിരിക്കും ഗണിതജ്ഞ സായാഹ്നം.
ശ്വാസോച്ഛാസം.

സാഗരം മറയ്ക്കുന്നു
സൂര്യനെ മറയ്ക്കുന്നു
കാണ്മു നാമൊരാളുടെ ഗുണനം
നയനങ്ങൾ.

വന്നല്ലോ ഒരു തിര
പിന്നെ രണ്ടല്ലോ തിര
എന്നെത്ര ചാഞ്ചാടുന്നു-
ണ്ടുണ്ണിക്കൈവിരലുകൾ!

മൂവാറുപതിനെട്ടുതിരകൾ ചിരിക്കൊപ്പം
മുപ്പത്തിമുക്കോടിയിലെത്തുമ്പോൾ നടുക്കങ്ങൾ
ഭിന്നമല്ലാതിപ്പരിപൂർണ്ണസംഖ്യകളുടെ
വന്ദനം ആർക്കെന്നോർത്തൊരത്ഭുതപ്പെരുക്കങ്ങൾ

ശംഖുകൾ കടൽപ്പന്നി കൊമ്പൻസ്രാവൊ, രാമതൻ
ചങ്കിടിപ്പിലും താളം തുള്ളുന്ന നിനവുകൾ
സർപ്പദംശനഭയം. സപ്താഹം. സദ്യ. ദാനം.
ചത്തുപൊന്തിയ പരീക്ഷിത്തിന്റെ ഗ്രഹനില
'ഫുൾസ്റ്റോപ്പു' പോലെ വിശ്വ-
പ്രളയമിടയ്ക്കിടക്ക്‌.
അത്രയും തിരയുടെയെണ്ണത്തിൽ കലരുന്നു.

സംഖ്യയിൽനിന്നും സത്യം
പങ്കജം
സുദർശനം
സംഭവിപ്പത്‌
ഭക്തവാർദ്ധകം
ഗണിക്കുന്നു

സാഗരം തെളിയുന്നു
സൂര്യനും തെളിയുന്നു
കാണ്മുനാമയാളുടെ ദഹനം
കാകാരവം

ജലത്തിൻ അളവുകൾ
പഠിക്കാൻ ചമ്രംപടി-
ഞിരിക്കും ശ്വാസം.
ജഡം.
കപാലം.
ചിതാഭസ്മം

തട്ടിൻമുകളിൽ രണ്ടും


എന്റെ വീട്ടിൽ ഖുറാൻ
അബ്ദുവിന്റെ വീട്ടിൽ രാമായണം

തട്ടുമുട്ടുപാത്രങ്ങൾക്കും വിറകിനുമിടയിൽ
പൊടിയണിഞ്ഞ്‌
തട്ടിൻമുകളിൽ രണ്ടും.

ഞാൻ ഹിന്ദുവും അവൻ മുസൽമാനും
ആയിത്തുടരുന്നതും
അതുകൊണ്ടുതന്നെ.

അവയെങ്ങാനും വായിക്കപ്പെട്ടിരുന്നെങ്കിൽ
കാതലായ മാറ്റങ്ങൾ ഉണ്ടാവുമായിരുന്നു

ഞാൻ ഇസ്ലാംമതം സ്വീകരിക്കും
അവൻ ഹിന്ദുമതവും.
തീർച്ച.

അത്രക്ക്‌ മഹത്തായ
സനാതന സത്യങ്ങൾ
ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങൾ
ഉരുണ്ടുവീഴാത്തതേ ദൈവകൃപ.

ബുദ്ധിമാനായ ആ പെരുച്ചാഴി
ഒരു വലിയ പട്ടികക്കോൽ
പുസ്തകങ്ങൾക്കു കുറുകേ കെണിച്ചുവെച്ച്‌
വർഗ്ഗീയ ദുരന്തങ്ങൾ
ഒഴിവാക്കുകയായിരുന്നു.

ബ്രഹ്മം


ഭിന്നമാണതിൻ ലോകം

കാഴ്ച്ചയിൽനിന്നും വിരൽ-
സ്പർശത്തിൽനിന്നും നാസാ-
ഗന്ധത്തിൽനിന്നും നാവിൻ
രുചിയിൽനിന്നും
ഏറെ
ഭിന്നമാണതിൻ ലോകം.

ഭിന്നമാണതെങ്കിലും
നമ്മുടെയരികത്തെ-
ച്ചെള്ളുനായയെപ്പോലെ
ചടഞ്ഞുകൂടാൻമാത്രം
ഭിന്നതവരാനെന്തുകാരണം?

അറിയുമൊ?

എന്തിൽനിന്നാണീ ഭിന്ന-
വ്യക്തിത്വമതാർജ്ജിച്ചു?
ഏതിനെ മറക്കുവാ-
നെപ്പോഴുമോർമ്മിപ്പിച്ചു?

എന്തു തിന്നുവാൻ
വേണ്ടി
തൻ ധർമ്മമുപേക്ഷിച്ചു?
എന്തിന്റെ നിഴൽകൊണ്ടു-
നൊന്തുവായൊലിപ്പിച്ചു?

എന്തിനീ സ്വയംകൃത
രൂപഭേദത്താലൊന്നും
മിണ്ടാതെ
അനങ്ങാതെ
നമ്മളെക്കാത്തീടുന്നു?

ഭിന്നമാണതിൻ ലോകം
ബ്രഹ്മമെന്നതിൻ നാമം
തങ്കനിർമ്മിതം പെരും ചങ്ങലത്തുമ്പിൽ ശൗര്യം.

Friday, June 06, 2008

അനങ്ങാതെ


രാത്രി.
തൊട്ടടുത്ത്‌ പകൽ നിൽപ്പുണ്ട്‌.

ഞാനും വീടും പുഴയും
ദു:ഖങ്ങളുമെല്ലാം
രാത്രിയിലാകുന്നു

പകലിൽ ഒരു പൂ മാത്രം.

വിടർന്ന്
പ്രണയിച്ച്‌
കൊഴിയുന്ന
അതിന്റെ ഗന്ധവും.

കടൽ.
അതിനപ്പുറത്താണ്‌ രാത്രി

അവിടെയാണ്‌
ഞാൻ വീട്‌ പുഴ എല്ലാം

പകൽ തൊട്ടടുത്ത്‌
അനങ്ങാതെ
നിൽപ്പുണ്ട്‌.

ഉയരം


1.

ജനലിനേക്കാൾ ഉയരമുള്ള തടവുകാരനുണ്ട്‌.

രാവിൽ
അവൻ
മേൽക്കൂരയ്ക്കു മുകളിലൂടെ
ബാഹ്യലോകം കാണും
പൂമരങ്ങൾ പിടിച്ചു കുലുക്കും
കടലിനെ വിക്ഷുബ്ധമാക്കും
പർവതങ്ങൾ ഫണം താഴ്ത്തും

അവന്റെ കുറ്റങ്ങൾ എവിടേയും തുടരും

അധികാരികൾ റോന്തുചുറ്റുമ്പോൾ
അവനൊരു ഉറക്കബിന്ദു

പാതിരായ്ക്ക്‌
ഉയരം ഇറങ്ങി നടക്കുന്നു.
പള്ളികളുടെ
വീടുകളുടെ
നായ്ക്കളുടെ
കൂണുകളുടെ
ചിലന്തികളുടെ
ഉയരങ്ങളായി പിരിഞ്ഞ്‌

ഭൂമിയിൽനിന്ന് മുകളിലേയ്ക്കുള്ള
എന്തും
ഉയരമാകുന്നു

ചന്ദ്രന്റെ ഉയരം
നക്ഷത്രങ്ങളുടെ ഉയരം
ഉയരങ്ങൾകൊണ്ട്‌ നമ്മുടെ നാവ്‌ കുഴഞ്ഞുപോകുന്നു

സൂര്യന്റെ ഉദയം
ഭ്രാന്തു പിടിപ്പിക്കുന്നു.

2.

പകലിനേക്കാൾ ഉയരമുള്ള
തടവുകാരനുണ്ട്‌

ജയിൽവളപ്പിൽ ചെടി നടുന്നവൻ
പത്രം വായിക്കുന്നവൻ
കത്തുകളെഴുതുന്നവൻ
നീതനായി
തന്റെ കഞ്ഞിയും പയറും
അവൻ കഴിക്കും

മുടിപറ്റേ വെട്ടിയും
നേർമീശവെച്ചും
കൂട്ടാളരോട്‌ സമരസപ്പെടും.

ഉച്ചക്ക്‌ തറയിലൊരു മയക്കം
സന്ധ്യയ്ക്ക്‌ സാഷ്ടാംഗ നമസ്കാരം

പ്രപഞ്ചത്തിൽ ഇടപെടാതെ
അഹിംസയുടെ മൂർത്തി
നീളംമാത്രം നൂൽക്കും

ഭൂമിക്ക്‌ മുകളിലുള്ള അവൻ
ഉയരമാകുന്നു.

അപസ്മാരംഅന്നും കടലിനടിയിലെ സ്രാവുകൾ
അന്തരീക്ഷത്തിൽ നിരന്നു
'കിംഗ്‌ഫിഷർ പൊന്മ' യെന്നർത്ഥംപറയുന്ന
കുഞ്ഞുങ്ങൾ തുള്ളിക്കളിച്ചു.

പൊന്തും ജലത്തിൽ കുളിക്കുവാൻ പേടിക്കും
പെണ്ണ്‌ ജനാലയ്ക്കൽ വന്നു
പിന്നിൽവന്നാരുമറിയാതൊരാൾ മുടി
പിന്നിയതോർത്തവൾ നിന്നു

ചെങ്കഴുകന്റെ ചിറകായിയാകാശ-
മന്തമില്ലാതെ കിടന്നു
എങ്കിലും കണ്ണീരുമാത്രം കുടിച്ചവ-
ളുമ്മയിലെല്ലാം മറന്നു

മുങ്ങും മുറിയെയിലന്നേഴാം നിലയിലെ-
ച്ചന്ദ്രനെ രാഹു കവർന്നു
വൻതിരമാലച്ചുഴിയിലെക്കന്യക-
തൻ ജഡം മീനുകൾ തിന്നു

അന്നും കടലിന്നടിയിലെ സ്രാവുകൾ
അന്തരീക്ഷത്തിൽ നിരന്നു
'കിംഗ്‌ഫിഷർ പൊന്മ' യെന്നർത്ഥംപറയുന്ന
കുഞ്ഞുങ്ങളാർത്തുകരഞ്ഞു.

Thursday, June 05, 2008

മുളയൻ


മുളകൾ
താനേ പാടുമെന്ന്‌
ഞാൻ കേട്ടിട്ടുണ്ട്‌
പാട്ടുകേട്ടിട്ടില്ല
കാറ്റത്ത്‌ ആടുന്നതേ കണ്ടിട്ടുള്ളു

ഉച്ചകഴിഞ്ഞ്‌
തൊടിയിൽ
എല്ലാ ജീവജാലങ്ങളും
മയങ്ങുന്ന നേരം
ഒരു സാധനം മാത്രം
ഇഴഞ്ഞുവന്ന്‌
മുളകൾക്ക്‌ കീഴെ ചുരുണ്ട്‌
പത്തിവിടർത്തി
ആടുന്നതുകണ്ടിട്ടുണ്ട്‌

മുളങ്കൂട്ടമപ്പോൾ നിശ്ചലം

അന്തിക്ക്‌
കറുത്തൊരാൾ
ചേറ്റിൽ നീന്തി
മുളഞ്ചോട്ടിലെത്തി
ഒരെണ്ണം മുറിച്ച്‌
അളന്നു തുളകളിട്ട്‌
ചുണ്ടോടടുപ്പിച്ച്‌ ഊതും

ആവിളി
അന്യരാജ്യങ്ങളിലും
ഒലികൊള്ളും
സംഗീതക്കടലിൽ
മുളയന്റെ
പള്ളിനിദ്ര

രാവുമുഴുവൻ
മൂന്നാംലോകത്തെ
മുളകളുടെ ആട്ടം.

ഭൂകമ്പരാമായണംചരിത്രം അവസാനിച്ചു
കാലം സ്ഥലം വിട്ടു.

കഴുത്തിനു കീഴ്ഭാഗം എവിടെയാണ്‌?
തലയ്ക്കുമുകളിൽ ആകാശമാണ്‌
ഹെലികോപ്റ്റർ പോയി

അലമുറ തീർന്നത്‌ മൂന്നുനാൾ മുമ്പാകാം

ആംബുലൻസുകളും
പട്ടാളവും
ക്രെയിനുകളും
ഒഴുകിവന്നത്‌
ഡെറ്റോളിന്റെ ഭരണത്തിൽ
മുങ്ങിപ്പോയി
കണ്ണുനീർ ഭീകരമായി
ഒറ്റപ്പെട്ടു

അതിനൊക്കെ വളരെ മുമ്പാണ്‌
നീതുവിന്‌ കണക്ക്‌ പറഞ്ഞു കൊടുത്തത്‌
സീരിയൽ മാറ്റി ഡിസ്കവറിചാനൽ വെയ്ക്കാൻ
സപൻ
വാശിപിടിക്കുന്നുണ്ടായിരുന്നു
അടുക്കളയിൽ സീത
കാര്യമായതെന്തോ
ഉണ്ടാക്കിയിരുന്നിരിക്കും

മുന്നറിയിപ്പില്ലാതെ
നാലിടത്തുനിന്നും
ചുമരുകൾ ചാടിവന്നു
ഹോളി നേരത്തെ എത്തിയോ?
ഇത്രയെങ്കിലും ഓർമ്മ നല്ലത്‌
വായിൽ ഒരിഷ്ടിക പാർപ്പിടമുറപ്പിച്ചുകഴിഞ്ഞു!

ഒരു പട്ടി അതാ പോകുന്നു
അതുകൊണ്ട്‌
ഇപ്പോൾ എല്ലാവരും അടിയിലുണ്ടാകുമെന്ന്‌ കരുതാം.

ജീവനുണ്ട്‌ എന്ന സങ്കൽപ്പം തന്നെ
എത്ര ഉദാത്തം!

എന്റെ പേർ ഞാൻതന്നെ ഊഹിച്ചെടുക്കട്ടെ

ഇടശ്‌ശേരി
അടയ്ക്കാൻവയ്യാത്ത കവിതച്ചൂടുമായ്‌
അടുപ്പത്തുണ്ടാരോ തിളച്ചു.

ഇടശ്‌ശേരി
കലം കവിഞ്ഞുപോകുന്നു.

നറും നർമ്മത്തിന്റെ
പൊടിയരി വേവും
മുലപറിച്ചൊരു മുളകിന്റെ
വീറും
ഒരുതരിയുപ്പിൽ
കടലൊരുക്കത്തിൻ
കഥകളിമുദ്രയൊളിപ്പിച്ച
വാക്കും കടന്ന്.

ഇടശ്‌ശേരി
കലം കവിഞ്ഞുപോകുന്നു.

നെടുകെ
മീനായി എടുത്തു ചാടുന്നു
കുറുകെപ്പാലങ്ങൾ
കുലച്ചുനീർത്തുന്നു

ജലത്തിൻ
വിഭ്രാന്തതലം
പിടയ്ക്കുന്നു

സ്ഥലത്തിലാരുടെ മിടിപ്പ്‌?

നിളയ്ക്കു മേലാരും
ഇനി നോക്കാൻ വയ്യ
ഇളക്കം കണ്ടാരും
ഭയക്കാനും വയ്യ

നിലം തൊടാതുള്ള
നിലാവിനെക്കണ്ട്‌
ഇടിവെട്ടിത്താഴെപ്പതിക്കാനും വയ്യ

ഇടശ്‌ശേരി
കലം കവിഞ്ഞു
പോകുന്നു

ചെറുപുള്ളികൾ


ചെറുപുള്ളികൾ
ചെറുപുള്ളികൾ
മേയുന്നവ കാടുകളിൽ
നീൾമിഴിയും
കവരമെഴും
കൊമ്പുകളും കുമ്പിടുവോർ

ചെറുപുള്ളികൾ
ചെറുപുള്ളികൾ
പുലിയുടലിന്നോമനകൾ
തിരമാലച്ചാട്ടക്കാർ
മായുന്നവ
കാടുകളിൽ.

പാളിയ മർദ്ദനംമർദ്ദനം പാളി

ഒരു വിഷത്തുള്ളിയെ
ഒരു മഷിത്തുള്ളിയാൾ
എങ്ങനെ
പ്രാപിക്കും?

എത്രകാലം
ഒരു നിറത്തോട്‌
ഒരേനിറമിങ്ങനെ
നിൽക്കാതെ പോരാടും?

സർപ്പഭ്രമത്തെ -
യറിഞ്ഞുചവിട്ടിയാൽ
ഒറ്റത്തളയും കിലുങ്ങില്ല
കുഴൽത്തുള മിണ്ടില്ല
നിറകുടം തൈരുപോ-
ലുടലുള്ള പെണ്ണുങ്ങൾ
മഥുരയിൽപ്പോലും
കടഞ്ഞുമൂർച്‌ഛിക്കില്ല

എന്തിനീ നിഷ്‌കളമിഥ്യാജലത്തിനെ
യിങ്ങനെ ബാല!
തളയ്ക്കാൻ ശഠിയ്ക്കുന്നു?

നിന്നെ വരിഞ്ഞുമുറുക്കുന്നതൊക്കെയും
നിന്റെ വാൽതന്നെയെന്നറിയുന്നത്‌ ഗീത.

എന്തൊക്കെയായാലും
ക്യാമറയന്നു പകർത്തിയ
കാളിയ മർദ്ദനം
പാളി.

മനോധർമ്മം


ജനനം മുതൽ മരണം വരെ
മനുഷ്യശരീരത്തിലുണ്ടാവുന്ന
ഓരോമാറ്റവും
എന്റെ മകൾ ഞങ്ങളുടെ മുൻപിൽ
അഭിനയിച്ചു കാണിച്ചു

കമിഴ്‌ന്നു നീന്തുന്നത്‌
സ്കൂളിൽ പോകുന്നത്‌
രാത്രി വായിക്കുന്നത്‌
പൊക്കം വെയ്ക്കുന്നത്‌
ദാവണി ചുറ്റുന്നത്‌
താലി കെട്ടുന്നത്‌
പ്രസവിക്കുന്നത്‌
(ആ കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങൾ വേറെയും)

മുടിനരയ്ക്കുന്നത്‌
ശരീരം ഇടിയുന്നത്‌
തൊലി ചുളിയുന്നത്‌
ചക്രം നിലയ്ക്കുന്നത്‌
കൂനുന്നത്‌
കുരക്കുന്നത്‌
ചത്തുകിടക്കുന്നത്‌
കത്തിപ്പിടിക്കുന്നത്‌
മക്കളും ബന്ധുക്കളും
നിരന്നു നിൽക്കുന്നതും
ആൾക്കാർ പെരുകുന്നതും
ഒക്കെ
ആ കൊച്ചുശരീരംകൊണ്ട്‌
അവൾ സാധിച്ചു.

ഞങ്ങൾ എട്ട്‌ അംഗങ്ങൾ
വീടിന്റെ ഉമ്മറത്ത്‌.
ഞങ്ങളുടെ കണ്ണുകൾ
തൊട്ടുതൊട്ടു നിൽക്കുന്നുണ്ട്‌
മുറ്റത്തെ മീൻചെതുമ്പൽ പോലെ.

കൊട്ടും പാട്ടും കൂടാതെ
ഞങ്ങളുടെ കുടുംബത്തിലെ
ഒരു കുരുന്ന്
ഏതു തലമുറയിലും
ഈ മനോധർമ്മം
ചെയ്തുകാട്ടിയിട്ടുണ്ട്‌.

പാരമ്പര്യം
അതാണ്‌ കലയുടെ ഉറവിടം

സന്ധ്യയ്ക്ക്‌
ഒരു ഭീമൻ നിലവിളക്ക്‌
ഭാര്യ തെളിച്ചുവെച്ചു

അതും മകൾ അഭിനയിച്ചു കാണിച്ചു.

ശ്രീ


'ഇതിലുണ്ടൊരാൾ'
നിൻമൊഴിചൂണ്ടുന്നൂ പാറ.
അരികിൽ
ചിരിയുടെ ഭൂതങ്ങൾ
ഞാനും കാറും.

നമ്മുടെ മധുവിധുവണ്ടിയീക്കർണ്ണാടക
നൻമകൾവകഞ്ഞിത്ര വന്മലവരെയായോ?
വാച്ചു ഞാൻ നോക്കിപ്പോയി.

'താങ്കൾകേൾപ്പീലേ രാഗം?'
'കരുണചെയ്‌വാനെന്തുതാമസം'
ശിലയിൽ കാതും ചേർത്ത്‌
എന്നെ നീ
വീണ്ടും വീണ്ടും ക്ഷണിച്ചു.

ഉൾത്താപത്തിലുരുകും കരിങ്കല്ലി-
ലെന്തെല്ലാമാരോപിച്ചു?

ചിരിയുടെ ഭൂതങ്ങൾ
ഞങ്ങൾ നീങ്ങി
നിന്നെയും കൊണ്ട്‌

പിന്നോട്ടു തിരിയാത്തയാത്രയിൽ സരസ്വതി
പിന്നിലുണ്ടെന്ന യുക്തിയെന്നോടു പറഞ്ഞു നീ
കണ്ണിലെ മൂകാംബികയാം മഹാദൂരത്തിനെ
മിന്നുന്ന ബീഡിത്തുമ്പാൽ മൂക്കുത്തിയണിയിച്ച്‌
ഉമ്മകളുറക്കങ്ങളുലയാതിരിക്കുവാൻ
നമ്മുടെ ഡ്രൈവർ ചക്രംപിടിച്ച്‌ ധ്യാനിക്കുന്നു
ജലത്തിൽ രത്നം പോയപോലെ നാമുറങ്ങുന്നു
രഹസ്യം തേടുന്നപോൽ 'മാരുതി' പറക്കുന്നു
അപ്പൊഴും രാവിൽചുറ്റും
അത്ഭുതവാച്ചിൻതണു-
പ്പത്രയെൻ കയ്യിൻ നാഡി-
മിടിപ്പിൽ കലർന്നല്ലോ?

നുരച്ചുപതയുന്ന ചന്ദ്രനുമുണ്ടൊറ്റയ്ക്ക്‌

ചിരിയുടെ ഭൂതങ്ങൾ
ഞങ്ങൾ നീങ്ങി
നിന്നെയും കൊണ്ട്‌

'ഇതിലുമുണ്ടാമോ ഒരാൾ?'
വിചിത്രവെയിൽവീണുതുടുത്ത ശവം ചൂണ്ടി
വിശുദ്ധപരിഹാസം ചോദിച്ചു നിന്നോടാരോ?
ഈച്ചയും ദുർഗന്ധവുമാർക്കുന്നയാഥാർത്ഥ്യം നിൻ
നേർക്കെറിയുവാൻ സൂര്യൻ കയ്യുകളോങ്ങീ ചുറ്റും
പോലീസുതിരിച്ചിട്ടു മുഖത്തെ.
സംഗീതത്തിന്നോളക്കുത്തുകൾ
മണത്തു നീ നായെപ്പോലെ.

'ഇവനാണിരയിമ്മൻ ഉയിരിൻ ശ്രീരാഗത്താൽ
കരുണചെയ്യനെന്തുതാമസമെഴുതിയോൻ'
രക്തഹീനരായ്പ്പോയജനത്തെ ചിലമ്പുട-
ച്ചുഗ്രമാം പെൺശബ്ദത്താലുണർത്തി നീ ചൊല്ലുമ്പോൾ
മഹസ്സറെഴുതിയ പോലീസുകാരൻ ഞെട്ടി
പരസ്യം കരിമഷിപ്പേനയാൽ കുറിച്ചിട്ടു

ഇടയ്ക്കു വലംകയ്യിലരിച്ച സമയത്തി-
ലുടക്കിയെൻ കണ്ണിണ. രാത്രിതൻ നടുക്കടൽ.
പിടിച്ച മുയലിന്റെ മൂന്നുകൊമ്പുകൾ മീട്ടി
മിടുക്കി നീയുന്മാദിയങ്ങനെയിരിക്കുമ്പോൾ
രണ്ടുപേർനമ്മൾ ഒരേ കിനാവുകാണുന്നതു
കണ്ടുവണ്ടിയും തൃശ്‌ശൂർ ഹൈവേയും പായുന്നല്ലോ?

വെളിച്ചം വരുംവരെ
നമ്മുടെ ഡ്രൈവർമാത്ര-
മൊളിച്ചുവെച്ചൂ
ദന്തപൂർണ്ണമാം ചിരികളെ.

Sunday, March 09, 2008

ദേശീയത അഥവാ ദേശീയത

കുറവിലങ്ങാട്ടു പിറന്നവന്റെ
കരച്ചിലും
ഹിമാലയത്തില്‍ത്തട്ടി.

മൂത്രവും മലവും
മൂന്നുകടലുകളില്‍ ചേര്‍ന്നു.

വളര്‍ന്ന് വടക്കോട്ടുപോയി
സ്വറ്ററിട്ട്‌ തിരിച്ചുവന്നു.

പിന്നീട്‌
ആരുമരിക്കാന്‍ കിടന്നാലും
പുണ്യജലമെന്നുപറയപ്പെടുന്ന
ഒരു ദ്രവം
നാവില്‍ ഇറ്റിച്ചിരിക്കും കക്ഷി.

മടക്കയാത്രയില്‍
കൊല്‍ക്കത്തയില്‍വച്ച്‌
കുതിരവണ്ടിക്കടിപ്പെട്ടു.

ഭസ്മരൂപിയായി
വീട്ടില്‍വന്ന്
അമ്മയുടെ കണ്ണീരുകാണാന്‍
മറന്നില്ല.

ചെറിയ ജീവിതത്തിനിടയിലും
നടന്നുനടന്ന്
അവന്റെ കാല്‍പ്പാടുകള്‍
ഒരിന്ത്യാചിത്രം
ഏതാണ്ടു പൂര്‍ത്തിയാക്കിയിട്ടുള്ളതായി
റിപ്പോര്‍ട്ടുണ്ട്‌

കമ്യൂണിസ്റ്റുമായിരുന്നു.

കൃഷ്ണഘടനഘടനയറ്റൊരു രാത്രിയില്‍
ശ്രീകൃഷ്ണഘടന കൊത്തുന്നുവോ
നിന്റെ കയ്യുകള്‍

മുടിയിലെപ്പീലിമുറ്റിത്തഴപ്പതും
തിരുലലാടം തീര്‍ന്നുപൊന്തുന്നതും
മിഴികള്‍രണ്ടിലും താമരവന്നതും
ഒരുതിരവന്നുമൂക്കൊത്തുയര്‍ന്നതും
കുഴലൊടൊത്തിരുചുണ്ടുവിടര്‍ന്നതും
ഇടിമുഴക്കത്തൊടൊപ്പം കഴുത്തതും
കടലില്‍നിന്നുടല്‍ കേറിവളര്‍ന്നതും
പ്രളയമേ,യെന്നുവാഴ്ത്തി നീ നിന്നതും
ഘടനയറ്റൊരു രാത്രിയില്‍.

ശ്രീകൃഷ്ണഘടന കൊത്തുന്നുവോ
നിന്റെ കയ്യുകള്‍

ഉളിയിലെശ്ശബ്ദരാത്രികൊണ്ടീമന-
സ്സിളകിനില്‍ക്കുന്നു.

നിന്റെ വിയര്‍പ്പിന്റെ
തെരുതെരെക്കാറ്റ്‌
അരൂപത്തില്‍ നീചെയ്ത
കഠിനമാം കയ്യ്‌.
അതെന്നെ വിളിക്കുന്നു

'മുടിയിതു കല്ല് പീലിയും കല്ലല്ലോ
മുഖവും ഗാനവും പ്രേമവും കല്ലല്ലോ
മുതിരും രൂപമരൂപവും കല്ലല്ലോ
മതിവരാത്തൊരീ രാത്രിയും കല്ലല്ലോ'

തിരകളിങ്ങനെ പാടുന്നതോടൊത്ത്‌
കരവരെക്കേറി നില്‍ക്കുന്നു ശ്രീകൃഷ്ണന്‍
ഉരുവില്‍ കല്ലുളി വീഴുന്നതോടൊത്ത്‌
ഉരുവമാകാന്‍ കൊതിക്കുന്നു ശ്രീകൃഷ്ണന്‍

മുടിയിലെപ്പീലി കൊത്തുന്നനേരത്തെ
ഘടന
നെറ്റിയില്‍
മൂക്കില്‍
മിഴികളില്‍
കുഴലിലൊച്ചയില്‍ കര്‍മ്മത്തില്‍ കാമത്തില്‍
സകലസത്തിലും വീണു കല്ലിയ്ക്കുന്നു.

സഫലമാകുന്നു ശില്‌പിയും
ശ്രീകൃഷ്ണഘടന കൊത്തുന്ന
രാത്രിസങ്കല്‍പ്പവും.

വസ്തുക്കളെപ്പറ്റി പറയുകയാണ്‌ഞാന്‍ നിന്നോട്‌ വസ്തുക്കളെപ്പറ്റി പറയുകയാണ്‌.

കല്ല് കസേര തീപ്പെട്ടി ഫ്രിഡ്ജ്‌ കന്മദം
പുസ്തകം വിളക്ക്‌ ചുറ്റിക കപ്പ്‌ തോര്‍ത്ത്‌
കമ്പി ടെലിവിഷന്‍ ചിലമ്പ്‌ ടോര്‍ച്ച്‌ ചട്ടുകം
സൂചി ജാലകം തപാല്‍പ്പെട്ടി ഭരണി സോപ്പ്‌
വില്ല് പിഞ്ഞാണം ലോട്ട കണ്ണട വീണ
............................................
ജീവിതം മുഴുവനും വസ്തുക്കളെപ്പറ്റി പറഞ്ഞിട്ടും തീരുന്നില്ല.
അവ അതാതിടങ്ങളില്‍ത്തന്നെ തുടരുന്നു.

ആരുമൊന്നും എടുത്തുമാറ്റിയിട്ടില്ല.
എല്ലാം പുറത്ത്‌.
അടുത്തും ദൂരത്തും .

വളവു തിരിയുമ്പൊഴും ആഴത്തിലേക്കു പോകുമ്പോഴും
നടന്നിട്ടും പറന്നിട്ടും, അവസാനിക്കാത്തവസ്തുക്കള്‍

ഞാന്‍ നിനക്കുവേണ്ടി എല്ലം ഒരു ചിമിഴിലടക്കിപ്പറയാന്‍
ശ്രമിച്ചു പാളി.
പുതിയവ തുറിച്ചുവരുന്നതുകണ്ട്‌ നിന്റെ പരിഹാസം.

എനിക്ക്‌ ശ്വാസം കിട്ടാതായപ്പോള്‍
നീ പറഞ്ഞുതുടങ്ങി.

ക്ലോക്ക്‌ കണ്‍മഷി അഗസ്ത്യരസായനം കയര്‍
പൂണുനൂല്‍ ഫ്ലോപ്പി കിടയ്ക്ക പറ
സോഡാമേക്കര്‍ തലയോട്‌ അഞ്ജനം ചൂരല്‍വടി
തോക്ക്‌ പേഴ്സ്‌ തൊട്ടി ടെലസ്കോപ്പ്‌

നിന്റെ നാവും നിലയ്ക്കുന്നില്ല
എന്റെ നാവും നിലയ്ക്കുന്നില്ല

ദൈവത്തിന്റെ സ്മരണപോലെ
വസ്തുക്കള്‍ എങ്ങും
വ്യാപിച്ചുകിടക്കുന്നു.

വസ്തു പ്രളയം.
പ്രളയവസ്തു.

അവസാനമായി ഒന്നുചുംബിച്ച്‌
നാമത്‌ ആഘോഷിച്ചു

പേരുകള്‍നീരോട്ടം കൃഷ്ണന്‍കുട്ടി
നീന്തല്‍ നാരായണപിള്ള
ചെറുമീന്‍ കാര്‍ത്തു
ചുഴിക്കുത്ത്‌ പൊന്നമ്മ
വളഞ്ഞൊഴുക്ക്‌ ബാലഗോപാല്‍
തരംഗഫേനം ശിശുപാലന്‍ കര്‍ത്താ
വെള്ളപ്പൊക്കത്തില്‍ സലിം
എന്തൊരാഴം. കെ. കുറുപ്പ്‌
കാല്‍വഴുതി ബഞ്ചമിന്‍
തോണി സുബ്രു

പുഴക്കൊപ്പം ഒലിച്ചുപോയ മനുഷ്യപ്പേരുകള്‍!

പാലത്തിലൂടെ
ആലുവായ്ക്ക്‌ സൈക്കിള്‍ ചവിട്ടുമ്പോള്‍
ഇവരെയോര്‍ക്കും ഞാന്‍

തീരമണല്‍
ചൂണ്ടുവിരല്‍
വിക്ഷുബ്ധമനസ്സ്‌
ഇവ ഘടിപ്പിച്ച
ആ ഒറ്റയന്ത്രവുമായി
ചിന്തയില്‍നിന്ന് തിരിച്ചുവരും
ദിവസവും രാത്രി.

അവരുടെ മരണത്തെപ്പറ്റി
ഓരോ കഥകളെഴുതാന്‍ ഉറച്ച്‌.

മേഘപഠനങ്ങള്‍


1

മേഘങ്ങള്‍
പലപ്പൊഴും
പ്രത്യക്ഷപ്പെടാറുള്ള
പോര്‍മൃഗക്കൂട്ടം

കാറ്റുചെന്നവയുടെ
തേറ്റയും നഖങ്ങളും
തൊട്ടുനോക്കുന്നു

വായതുറന്നു പല്ലെണ്ണുന്നു.

2

മേഘങ്ങള്‍
പലപ്പൊഴും
സ്വപ്നത്തില്‍പ്പെടാറുള്ള
കാമുകീശില്‌പം

കാറ്റുചെന്നവളുടെ
കാതിലും കരളിലും
പാട്ടുമൂളുന്നു

ചേലകവര്‍ന്നു പറക്കുന്നു.

3

മേഘങ്ങള്‍
പലപ്പൊഴും
സമരം നയിക്കുന്ന
വിപ്ലവാവേശം

കാറ്റുചെന്നവരുടെ
കയ്യിലും
കൊടിയിലും
ചോപ്പു കൂട്ടുന്നു

കോപമെടുത്തുജ്വലിക്കുന്നു.

4

മേഘങ്ങള്‍
പലപ്പൊഴും
കുട്ടികള്‍ കൂത്താടുന്ന
കോട്ടമൈതാനം

കാറ്റുചെന്നവരുടെ
പന്തുബാറ്റുകള്‍
തട്ടിത്താഴെ വീഴ്ത്തുന്നു

മഴതൂളിച്ചുതുവര്‍ത്തുന്നു

5

മേഘങ്ങള്‍
പലപ്പൊഴും
വൃദ്ധന്മാര്‍ വലിക്കുന്ന
ശ്വാസനിശ്വാസം

കാറ്റുചെന്നവരുടെ
വീട്ടിലും വഴിയിലും
കൂടിനില്‍ക്കുന്നു

ചിത കത്തിച്ചു പിരിയുന്നു.

6

മേഘങ്ങള്‍
പലപ്പൊഴും
ദൈവങ്ങള്‍ വരാറുള്ള
രാത്രിസങ്കേതം

കാറ്റുചെന്നവയുടെ
കാല്‍തൊട്ടു മുടിയോളം
കൂപ്പിനില്‍ക്കുന്നു

എല്ലാം പറഞ്ഞുകരയുന്നു.

7

മേഘങ്ങള്‍
പലപ്പൊഴും
പാഠങ്ങള്‍ ശഠിക്കുന്ന
ഗ്രന്ഥകാര്‍ക്കശ്യം

കാറ്റുചെന്നവയുടെ
ഏട്ടിലും വരിയിലും
തോട്ടവെയ്ക്കുന്നു

കീറിപ്പറിച്ചു ചിരിക്കുന്നു