Saturday, June 07, 2008

ഭൂമിയുമാകാശവും




1.
ഒരു മരണം സംഭവിച്ചിട്ടുണ്ട്‌.
പീറ്റർ വണ്ടിയിടിച്ച്‌ മരിച്ചു.
വാഹനങ്ങളുടെ ഒരു ഭൂമി തെളിയുന്നു
റോഡരികുപറ്റി പീറ്റർ.
അവനെത്തൊടാതെ
എത്രയോ വാഹനങ്ങൾ പോകുന്നു?

കൃത്യസമയത്ത്‌
ഒരു വണ്ടി
കുടിച്ചു കൂത്താടി
ജീവിതത്തിന്റെ അതിരു വെട്ടിച്ച്‌
അവനെ ഇടിച്ചിടുന്നു

പീറ്റർ വണ്ടിയിടിച്ച്‌ മരിച്ചു.

വലിയ ആംബുലൻസിൽ
കദനവാഹനങ്ങളുടെ അകമ്പടിയോടെ
വീട്ടിലേക്കു കയറി
ലില്ലിയുടെ ജീവിതത്തിനുമുമ്പിൽ
പ്രിയൻ പീറ്റർ കിടന്നു

അച്ചൻമാർ അയൽക്കാർ
ബന്ധുക്കൾ
വന്ധ്യമായ തന്റെ ഗർഭപാത്രം
എല്ലാം
അലംകൃതമായ ഒരു കേക്കിന്റെ രൂപത്തിൽ
ഇന്നും ലില്ലിയുടെ മനസ്സിലുണ്ട്‌.
ഭൂമി കുഴിച്ച്‌ പീറ്ററെ അടക്കിയതും
ഇടിച്ച വണ്ടി വീണ്ടുമോടിത്തുടങ്ങിയതും
ഓർത്ത്‌
ഭൂമിയുടെ അരികുപറ്റി
ലില്ലി പോകുന്നു

അവൾക്ക്‌ ഭൂമി മാത്രം.



2.


ഒരു മരണം സംഭവിച്ചിട്ടുണ്ട്‌.
പീറ്റർ തൂങ്ങിമരിച്ചു.

ചില്ലകളുടെ ഒരു ആകാശം തെളിയുന്നു
മാഞ്ചുവട്ടിൽ പീറ്റർ.
അവനെ ഗൗനിക്കാതെ
എത്രയോ ചില്ലകൾ പോകുന്നു?

കൃത്യസമയത്ത്‌
ഒരു കുരുക്ക്‌ കുടിച്ചു കൂത്താടി
ജീവന്റെ അതിരുവെട്ടിച്ച്‌
അവനെ തൂക്കിയിടുന്നു.

പീറ്റർ തൂങ്ങിമരിച്ചു.

വലിയ ആംബുലൻസിൽ
കദനവാഹനങ്ങളുടെ അകമ്പടിയോടെ
വീട്ടിലേക്കു കയറി
മേരിയുടെ ജീവിതത്തിനു മുമ്പിൽ
പീറ്റർമോൻ കിടന്നു

അച്ചന്മാർ അയൽക്കാർ
ബന്ധുക്കൾ
വരണ്ടുപോയ തന്റെ മാതൃത്വം
എല്ലാം അലംകൃതമായ ഒരു കേക്കിന്റെ രൂപത്തിൽ
മേരിയുടെ മനസ്സിലുണ്ട്‌
ആകാശത്ത്‌ പീറ്ററിന്റെ ചില്ല കിടക്കുന്നതും
ചിതറിയ പക്ഷികൾ വീണ്ടുമൊന്നിച്ചു പാടുന്നതും
ഓർത്ത്‌
ആകാശത്തിന്റെ അരികുപറ്റി മേരി പോകുന്നു

അവൾക്ക്‌ ആകാശം മാത്രം.

No comments: