Tuesday, December 04, 2007

രണ്ടു കള്ളന്‍മാര്‍

ഒന്നാം കള്ളന്‍

ജനാലയ്ക്കല്‍ കണ്ട തല
ഓടിച്ചെന്നപ്പോള്‍ തോട്ടത്തിലായി
ഓടിച്ചെന്നപ്പോള്‍ ഗേറ്റിലായി
ഓടിച്ചെന്നപ്പോള്‍ തെരുവിലായി

തലാതാഴ്ത്തി ഞാന്‍ തിരിച്ചു
വീണ്ടും തല ആവര്‍ത്തിച്ചു

ഓടിച്ചെന്നപ്പോള്‍ മാവിലായി
ഓടിച്ചെന്നപ്പോള്‍ തെങ്ങിലായി
ഓടിച്ചെന്നപ്പോള്‍ മാനത്തായി

പതുക്കെ ചെന്ന്
ചെവിക്കു പിടിച്ച്‌
തലതാഴ്ത്താതെ തിരിച്ചുവന്ന്
മുറിയിലിട്ടുപൂട്ടി
ഒരു ബീഡിയിരുത്തി വലിച്ച്‌
ശിഷ്ടജീവിതമാസ്വദിച്ചു.

ബീഡിയും തീര്‍ന്നു

താക്കോല്‍പ്പഴുതിലൂടെ
സൂക്ഷിച്ചുനോക്കിയപ്പോള്‍
അവനെന്റെ മെത്തയിലിരുന്ന്
ഒരു ബീഡി വലിച്ച്‌
തീര്‍ക്കുന്നു സ്വന്തം മരണശയ്യ.

രണ്ടാം കള്ളന്‍

രാത്രിയാണ്‌
ചന്ദ്രനുണ്ട്‌

പടിപ്പുര തുറന്ന്
മേലാകെ എണ്ണയിട്ടുമിനുക്കിയ
ഒരാത്മവിശ്വാസം
വീട്ടിലേക്ക്‌ കയറിപ്പോകുന്നുണ്ട്‌
പണപ്പെട്ടി കുത്തിപ്പൊളിക്കുന്നുണ്ട്‌
പവന്‍ കവരുന്നുണ്ട്‌
ഇണചേരുന്നവര്‍ ചാടിയെണീക്കുന്നുണ്ട്‌
ആളെക്കൂട്ടാന്‍ അലറിവിളിക്കുന്നുണ്ട്‌
എണ്ണയിട്ടുമിനുക്കിയ ആ പ്രശാന്തചിത്തം
സംഭ്രമരഹിതമായി
പടിപ്പുരയില്‍ത്തന്നെ മറയുന്നുണ്ട്‌.

എന്നാല്‍
ശബ്ദത്തിന്റെ അഭാവം
അവിടെ എങ്ങും ഉണ്ട്‌ .
അത്‌
എവിടെയോ
ഓംകാരത്തെ അന്വേഷിച്ച്‌
അലയുന്നതുകൊണ്ട്‌.

1 comment:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എവിടെയോ
ഓംകാരത്തെ അന്വേഷിച്ച്‌
അലയുന്നതുകൊണ്ട്‌.

:)