
മുളകൾ
താനേ പാടുമെന്ന്
ഞാൻ കേട്ടിട്ടുണ്ട്
പാട്ടുകേട്ടിട്ടില്ല
കാറ്റത്ത് ആടുന്നതേ കണ്ടിട്ടുള്ളു
ഉച്ചകഴിഞ്ഞ്
തൊടിയിൽ
എല്ലാ ജീവജാലങ്ങളും
മയങ്ങുന്ന നേരം
ഒരു സാധനം മാത്രം
ഇഴഞ്ഞുവന്ന്
മുളകൾക്ക് കീഴെ ചുരുണ്ട്
പത്തിവിടർത്തി
ആടുന്നതുകണ്ടിട്ടുണ്ട്
മുളങ്കൂട്ടമപ്പോൾ നിശ്ചലം
അന്തിക്ക്
കറുത്തൊരാൾ
ചേറ്റിൽ നീന്തി
മുളഞ്ചോട്ടിലെത്തി
ഒരെണ്ണം മുറിച്ച്
അളന്നു തുളകളിട്ട്
ചുണ്ടോടടുപ്പിച്ച് ഊതും
ആവിളി
അന്യരാജ്യങ്ങളിലും
ഒലികൊള്ളും
സംഗീതക്കടലിൽ
മുളയന്റെ
പള്ളിനിദ്ര
രാവുമുഴുവൻ
മൂന്നാംലോകത്തെ
മുളകളുടെ ആട്ടം.
No comments:
Post a Comment