
അടയ്ക്കാൻവയ്യാത്ത കവിതച്ചൂടുമായ്
അടുപ്പത്തുണ്ടാരോ തിളച്ചു.
ഇടശ്‌ശേരി
കലം കവിഞ്ഞുപോകുന്നു.
നറും നർമ്മത്തിന്റെ
പൊടിയരി വേവും
മുലപറിച്ചൊരു മുളകിന്റെ
വീറും
ഒരുതരിയുപ്പിൽ
കടലൊരുക്കത്തിൻ
കഥകളിമുദ്രയൊളിപ്പിച്ച
വാക്കും കടന്ന്.
ഇടശ്‌ശേരി
കലം കവിഞ്ഞുപോകുന്നു.
നെടുകെ
മീനായി എടുത്തു ചാടുന്നു
കുറുകെപ്പാലങ്ങൾ
കുലച്ചുനീർത്തുന്നു
ജലത്തിൻ
വിഭ്രാന്തതലം
പിടയ്ക്കുന്നു
സ്ഥലത്തിലാരുടെ മിടിപ്പ്?
നിളയ്ക്കു മേലാരും
ഇനി നോക്കാൻ വയ്യ
ഇളക്കം കണ്ടാരും
ഭയക്കാനും വയ്യ
നിലം തൊടാതുള്ള
നിലാവിനെക്കണ്ട്
ഇടിവെട്ടിത്താഴെപ്പതിക്കാനും വയ്യ
ഇടശ്‌ശേരി
കലം കവിഞ്ഞു
പോകുന്നു
No comments:
Post a Comment