
1
മേഘങ്ങള്‍
പലപ്പൊഴും
പ്രത്യക്ഷപ്പെടാറുള്ള
പോര്‍മൃഗക്കൂട്ടം
കാറ്റുചെന്നവയുടെ
തേറ്റയും നഖങ്ങളും
തൊട്ടുനോക്കുന്നു
വായതുറന്നു പല്ലെണ്ണുന്നു.
2
മേഘങ്ങള്‍
പലപ്പൊഴും
സ്വപ്നത്തില്‍പ്പെടാറുള്ള
കാമുകീശില്‌പം
കാറ്റുചെന്നവളുടെ
കാതിലും കരളിലും
പാട്ടുമൂളുന്നു
ചേലകവര്‍ന്നു പറക്കുന്നു.
3
മേഘങ്ങള്‍
പലപ്പൊഴും
സമരം നയിക്കുന്ന
വിപ്ലവാവേശം
കാറ്റുചെന്നവരുടെ
കയ്യിലും
കൊടിയിലും
ചോപ്പു കൂട്ടുന്നു
കോപമെടുത്തുജ്വലിക്കുന്നു.
4
മേഘങ്ങള്‍
പലപ്പൊഴും
കുട്ടികള്‍ കൂത്താടുന്ന
കോട്ടമൈതാനം
കാറ്റുചെന്നവരുടെ
പന്തുബാറ്റുകള്‍
തട്ടിത്താഴെ വീഴ്ത്തുന്നു
മഴതൂളിച്ചുതുവര്‍ത്തുന്നു
5
മേഘങ്ങള്‍
പലപ്പൊഴും
വൃദ്ധന്മാര്‍ വലിക്കുന്ന
ശ്വാസനിശ്വാസം
കാറ്റുചെന്നവരുടെ
വീട്ടിലും വഴിയിലും
കൂടിനില്‍ക്കുന്നു
ചിത കത്തിച്ചു പിരിയുന്നു.
6
മേഘങ്ങള്‍
പലപ്പൊഴും
ദൈവങ്ങള്‍ വരാറുള്ള
രാത്രിസങ്കേതം
കാറ്റുചെന്നവയുടെ
കാല്‍തൊട്ടു മുടിയോളം
കൂപ്പിനില്‍ക്കുന്നു
എല്ലാം പറഞ്ഞുകരയുന്നു.
7
മേഘങ്ങള്‍
പലപ്പൊഴും
പാഠങ്ങള്‍ ശഠിക്കുന്ന
ഗ്രന്ഥകാര്‍ക്കശ്യം
കാറ്റുചെന്നവയുടെ
ഏട്ടിലും വരിയിലും
തോട്ടവെയ്ക്കുന്നു
കീറിപ്പറിച്ചു ചിരിക്കുന്നു
3 comments:
കാറ്റിന്‍റെ സ്പര്‍ശനം മേഘങ്ങളില്‍ വരുന്ന മാറ്റം,
ഭാവനയിലെ വ്യത്യസ്ഥത കൊള്ളാം, ആശംസകള്‍
മേഘങ്ങളും മോഹങ്ങളും എന്റെ ഈ കൈപ്പിടില്‍ ഒതുങ്ങിയെങ്കില്‍???????
സങ്കല്‍പ്പം കൊള്ളാം ,സംഭവം കൊള്ളാം.,
കാറ്റൂ പലപ്പോഴും കൈവിട്ട നിശ്വാസം ,
ജ്വലിക്കും പതിക്കും ചിരിക്കും കരയും..,
Post a Comment