Sunday, November 18, 2007

ആ സുഹൃത്ത്‌

ആ സുഹൃത്ത്‌
ഇപ്പോള്‍ വരും.

തണുത്ത കാപ്പി കളഞ്ഞ്‌
ഇളനീര്‍ വെക്കുക
അവന്‍ ദാഹം തീര്‍ത്തോട്ടെ.

പുതിയ മെത്തവിരികള്‍ ചാര്‍ത്തുക
ലില്ലിപ്പൂക്കളേക്കാള്‍ ചെമ്പരത്തിയാണവനിഷ്ടം.

തെക്കോട്ടുള്ള വാതില്‍ തുറന്നിട്ടേക്കുക
അങ്ങോട്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍
അവന്‍ ഏറെ സുന്ദരനാകാറുണ്ട്‌.

ചുമരില്‍നിന്ന് ദേവന്മാരെയിറക്കി
പെയിന്റിങ്ങുകള്‍ തറയ്ക്കുക .
നിറങ്ങളൂടെ മിശിഹയാണവന്‍.

കിണറു മൂടുക.
കൂടുതല്‍ ജാതി നടുക
വളര്‍ത്തുമൃഗങ്ങളെ പലയിടത്തേക്കു വിടുക

തീകൊളുത്തി
അരിയിട്ട്‌
അടുക്കള അവസാനമായി പൂട്ടി
ഇടനാഴിയിലൂടെ ഓടി
മുകളിലേക്കുള്ള പടികള്‍
ചടുപടാ ചവിട്ടി
വിശാലമായ ടെറസ്സില്‍ക്കടന്ന് കൂവി വിയര്‍ത്ത്‌
താഴെ സിറ്റൗട്ടിലേക്കു ചാടി
ഗെറ്റിലേയ്ക്ക്‌ കണ്ണുകള്‍ പറപ്പിച്ച്‌
'മാനസിക സംഘര്‍ഷം എന്നെന്നേക്കുമായി
കുറയ്ക്കാമോ ?'
എന്ന പുസ്തകം
നിവര്‍ത്തി വായിച്ചു കൊണ്ടിരിക്കുക.

അടുത്ത ടെലഫോണ്‍ബെല്ലിനോടൊപ്പംതന്നെ
നിന്റെ മുറിയിലും തൊടിയിലും
ശരീരത്തിലും ആത്മാവിലും
ഭാവികാലത്തിലും
പുറത്ത്‌ മെതിയടികള്‍ ഊരിവെച്ച്‌
മാന്‍തോലുകള്‍കൊണ്ടുള്ള കയ്യുറ ധരിച്ച്‌
സംസ്കൃതചിത്തനും
വിനയോന്മത്തനുമായി
കഞ്ഞിത്തിളത്താളത്തില്‍ ഒരുവന്‍ പെരുകുന്നതു കാണാം.

ആ സുഹൃത്ത്‌
ഇപ്പോള്‍ വരും.

4 comments:

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

മുരളീധരന്‍ വി പി said...

നല്ല വരികളും ആശയവും..

ശ്രീകുമാര്‍ കരിയാട്‌ said...

ellorkkum nandi.

njaan innoru vaazhaveppen......

Unknown said...

ആ ആത്മ സുഹൃത്ത് പെരുകട്ടെ .

ഒന്നാം തരം കവിത