Thursday, June 05, 2008

മനോധർമ്മം


ജനനം മുതൽ മരണം വരെ
മനുഷ്യശരീരത്തിലുണ്ടാവുന്ന
ഓരോമാറ്റവും
എന്റെ മകൾ ഞങ്ങളുടെ മുൻപിൽ
അഭിനയിച്ചു കാണിച്ചു

കമിഴ്‌ന്നു നീന്തുന്നത്‌
സ്കൂളിൽ പോകുന്നത്‌
രാത്രി വായിക്കുന്നത്‌
പൊക്കം വെയ്ക്കുന്നത്‌
ദാവണി ചുറ്റുന്നത്‌
താലി കെട്ടുന്നത്‌
പ്രസവിക്കുന്നത്‌
(ആ കുഞ്ഞിന്റെ വളർച്ചയുടെ ഘട്ടങ്ങൾ വേറെയും)

മുടിനരയ്ക്കുന്നത്‌
ശരീരം ഇടിയുന്നത്‌
തൊലി ചുളിയുന്നത്‌
ചക്രം നിലയ്ക്കുന്നത്‌
കൂനുന്നത്‌
കുരക്കുന്നത്‌
ചത്തുകിടക്കുന്നത്‌
കത്തിപ്പിടിക്കുന്നത്‌
മക്കളും ബന്ധുക്കളും
നിരന്നു നിൽക്കുന്നതും
ആൾക്കാർ പെരുകുന്നതും
ഒക്കെ
ആ കൊച്ചുശരീരംകൊണ്ട്‌
അവൾ സാധിച്ചു.

ഞങ്ങൾ എട്ട്‌ അംഗങ്ങൾ
വീടിന്റെ ഉമ്മറത്ത്‌.
ഞങ്ങളുടെ കണ്ണുകൾ
തൊട്ടുതൊട്ടു നിൽക്കുന്നുണ്ട്‌
മുറ്റത്തെ മീൻചെതുമ്പൽ പോലെ.

കൊട്ടും പാട്ടും കൂടാതെ
ഞങ്ങളുടെ കുടുംബത്തിലെ
ഒരു കുരുന്ന്
ഏതു തലമുറയിലും
ഈ മനോധർമ്മം
ചെയ്തുകാട്ടിയിട്ടുണ്ട്‌.

പാരമ്പര്യം
അതാണ്‌ കലയുടെ ഉറവിടം

സന്ധ്യയ്ക്ക്‌
ഒരു ഭീമൻ നിലവിളക്ക്‌
ഭാര്യ തെളിച്ചുവെച്ചു

അതും മകൾ അഭിനയിച്ചു കാണിച്ചു.

1 comment:

വിഷ്ണു പ്രസാദ് said...

കവിത ഇഷ്ടമായി.
കമന്റ് എഴുതാന്‍ നേരം വരുന്ന ഈ പോപ് അപ് വിന്‍‌ഡോ ഓപ്ഷന്‍ ഒന്ന് ഒഴിവാക്കിയാല്‍ കൊള്ളാം,വേഡ് വെരിഫിക്കേഷനും.