Saturday, June 07, 2008

രണ്ടല്ലോ തിര


ജലത്തിൻ അളവുകൾ
പഠിക്കാൻ ചമ്രംപടി-
ഞിരിക്കും ഗണിതജ്ഞ സായാഹ്നം.
ശ്വാസോച്ഛാസം.

സാഗരം മറയ്ക്കുന്നു
സൂര്യനെ മറയ്ക്കുന്നു
കാണ്മു നാമൊരാളുടെ ഗുണനം
നയനങ്ങൾ.

വന്നല്ലോ ഒരു തിര
പിന്നെ രണ്ടല്ലോ തിര
എന്നെത്ര ചാഞ്ചാടുന്നു-
ണ്ടുണ്ണിക്കൈവിരലുകൾ!

മൂവാറുപതിനെട്ടുതിരകൾ ചിരിക്കൊപ്പം
മുപ്പത്തിമുക്കോടിയിലെത്തുമ്പോൾ നടുക്കങ്ങൾ
ഭിന്നമല്ലാതിപ്പരിപൂർണ്ണസംഖ്യകളുടെ
വന്ദനം ആർക്കെന്നോർത്തൊരത്ഭുതപ്പെരുക്കങ്ങൾ

ശംഖുകൾ കടൽപ്പന്നി കൊമ്പൻസ്രാവൊ, രാമതൻ
ചങ്കിടിപ്പിലും താളം തുള്ളുന്ന നിനവുകൾ
സർപ്പദംശനഭയം. സപ്താഹം. സദ്യ. ദാനം.
ചത്തുപൊന്തിയ പരീക്ഷിത്തിന്റെ ഗ്രഹനില
'ഫുൾസ്റ്റോപ്പു' പോലെ വിശ്വ-
പ്രളയമിടയ്ക്കിടക്ക്‌.
അത്രയും തിരയുടെയെണ്ണത്തിൽ കലരുന്നു.

സംഖ്യയിൽനിന്നും സത്യം
പങ്കജം
സുദർശനം
സംഭവിപ്പത്‌
ഭക്തവാർദ്ധകം
ഗണിക്കുന്നു

സാഗരം തെളിയുന്നു
സൂര്യനും തെളിയുന്നു
കാണ്മുനാമയാളുടെ ദഹനം
കാകാരവം

ജലത്തിൻ അളവുകൾ
പഠിക്കാൻ ചമ്രംപടി-
ഞിരിക്കും ശ്വാസം.
ജഡം.
കപാലം.
ചിതാഭസ്മം

No comments: