'ഇതിലുണ്ടൊരാൾ'
നിൻമൊഴിചൂണ്ടുന്നൂ പാറ.
അരികിൽ
ചിരിയുടെ ഭൂതങ്ങൾ
ഞാനും കാറും.
നമ്മുടെ മധുവിധുവണ്ടിയീക്കർണ്ണാടക
നൻമകൾവകഞ്ഞിത്ര വന്മലവരെയായോ?
വാച്ചു ഞാൻ നോക്കിപ്പോയി.
'താങ്കൾകേൾപ്പീലേ രാഗം?'
'കരുണചെയ്‌വാനെന്തുതാമസം'
ശിലയിൽ കാതും ചേർത്ത്
എന്നെ നീ
വീണ്ടും വീണ്ടും ക്ഷണിച്ചു.
ഉൾത്താപത്തിലുരുകും കരിങ്കല്ലി-
ലെന്തെല്ലാമാരോപിച്ചു?
ചിരിയുടെ ഭൂതങ്ങൾ
ഞങ്ങൾ നീങ്ങി
നിന്നെയും കൊണ്ട്
പിന്നോട്ടു തിരിയാത്തയാത്രയിൽ സരസ്വതി
പിന്നിലുണ്ടെന്ന യുക്തിയെന്നോടു പറഞ്ഞു നീ
കണ്ണിലെ മൂകാംബികയാം മഹാദൂരത്തിനെ
മിന്നുന്ന ബീഡിത്തുമ്പാൽ മൂക്കുത്തിയണിയിച്ച്
ഉമ്മകളുറക്കങ്ങളുലയാതിരിക്കുവാൻ
നമ്മുടെ ഡ്രൈവർ ചക്രംപിടിച്ച് ധ്യാനിക്കുന്നു
ജലത്തിൽ രത്നം പോയപോലെ നാമുറങ്ങുന്നു
രഹസ്യം തേടുന്നപോൽ 'മാരുതി' പറക്കുന്നു
അപ്പൊഴും രാവിൽചുറ്റും
അത്ഭുതവാച്ചിൻതണു-
പ്പത്രയെൻ കയ്യിൻ നാഡി-
മിടിപ്പിൽ കലർന്നല്ലോ?
നുരച്ചുപതയുന്ന ചന്ദ്രനുമുണ്ടൊറ്റയ്ക്ക്
ചിരിയുടെ ഭൂതങ്ങൾ
ഞങ്ങൾ നീങ്ങി
നിന്നെയും കൊണ്ട്
'ഇതിലുമുണ്ടാമോ ഒരാൾ?'
വിചിത്രവെയിൽവീണുതുടുത്ത ശവം ചൂണ്ടി
വിശുദ്ധപരിഹാസം ചോദിച്ചു നിന്നോടാരോ?
ഈച്ചയും ദുർഗന്ധവുമാർക്കുന്നയാഥാർത്ഥ്യം നിൻ
നേർക്കെറിയുവാൻ സൂര്യൻ കയ്യുകളോങ്ങീ ചുറ്റും
പോലീസുതിരിച്ചിട്ടു മുഖത്തെ.
സംഗീതത്തിന്നോളക്കുത്തുകൾ
മണത്തു നീ നായെപ്പോലെ.
'ഇവനാണിരയിമ്മൻ ഉയിരിൻ ശ്രീരാഗത്താൽ
കരുണചെയ്യനെന്തുതാമസമെഴുതിയോൻ'
രക്തഹീനരായ്പ്പോയജനത്തെ ചിലമ്പുട-
ച്ചുഗ്രമാം പെൺശബ്ദത്താലുണർത്തി നീ ചൊല്ലുമ്പോൾ
മഹസ്സറെഴുതിയ പോലീസുകാരൻ ഞെട്ടി
പരസ്യം കരിമഷിപ്പേനയാൽ കുറിച്ചിട്ടു
ഇടയ്ക്കു വലംകയ്യിലരിച്ച സമയത്തി-
ലുടക്കിയെൻ കണ്ണിണ. രാത്രിതൻ നടുക്കടൽ.
പിടിച്ച മുയലിന്റെ മൂന്നുകൊമ്പുകൾ മീട്ടി
മിടുക്കി നീയുന്മാദിയങ്ങനെയിരിക്കുമ്പോൾ
രണ്ടുപേർനമ്മൾ ഒരേ കിനാവുകാണുന്നതു
കണ്ടുവണ്ടിയും തൃശ്‌ശൂർ ഹൈവേയും പായുന്നല്ലോ?
വെളിച്ചം വരുംവരെ
നമ്മുടെ ഡ്രൈവർമാത്ര-
മൊളിച്ചുവെച്ചൂ
ദന്തപൂർണ്ണമാം ചിരികളെ.
No comments:
Post a Comment