Wednesday, December 19, 2007

ഭ്രമം




പഞ്ചാരക്കടല്‍
കയ്ക്കാത്ത പകല്‍
കാണായി കാനായി*
കല്‍കൊണ്ടൊരുറുമ്പിനെ

നിരനിരയായ്‌ നൂറാകും തിര
മധുരംകൂടി മദിച്ചോടുമ്പോള്‍
കരപേടിയിലൊറ്റക്കല്ലില്‍-
കളിവേഷമെടുക്കാന്‍ വെമ്പി
അതുകൊണ്ടതു ചോണനുറുമ്പി-
ന്നിളകാത്തൊരു ചന്തം ചിന്തി

പ്രളയം പ്രളയതരം പ്രളയതമം
ലയമിതിലും യുദ്ധത്തിന്‍ക്രമം

ഒരു തിരയില്‍ വാക്കിന്‍ വായ്ത്തല
ഒരു തിരയില്‍ ഗാന്ധിപ്പൊന്‍തല
ഒരു തിരയില്‍ ആനത്തലയുണ്ടൊരു തിരയില്‍
കുതിരത്തലയുണ്ടൊരു തിരയില്‍ തലകളരിഞ്ഞൊരു
മലദൈവം വേറൊരു തലയായ്‌

പ്രളയം പ്രളയതരം പ്രളയതമം
ലയമിതിലും സ്വപ്നത്തിന്‍ ഭ്രമം

സമചതുരം മെല്ലെ വരക്കേ
മണലില്‍ വിരലുമ്മകള്‍ വെക്കെ
ത്രിഗുണാത്മികയാമൊരു പെണ്ണിന്‍
ഗണിതത്തിനു കാമമുദിക്കേ
ഉടല്‍
ജീവനു-
മേകാന്തതയുടെ
കടലാകും ബീജവുമിളകും
തിരവരവായ്‌
മഹായന്ത്രത്തിന്‍ കര ഗൗരവചിന്തയിലായി'
ഇവയൊക്കെ വെറും മധുരത്തിന്‍ കളി.
രണവും രതിയും ദൈവവുമൊരുപോല്‍
കളിമണ്ണിലുയിര്‍ക്കാമുടയാ-
മൊരുകൈയിലിരിക്കും വിരുതില്‍'

പ്രളയം പ്രളയതരം പ്രളയതമം
ലയമിതിലും ശബ്ദത്തിന്‍ ക്രമം

കലികേറിയനങ്ങാതങ്ങനെ
ഒരു കല്ലിലുറുമ്പതുമങ്ങനെ
കടികൊള്ളുമബോധവുമായി
കടല്‍ വീണ്ടുമിരമ്പുമതങ്ങനെ

പ്രളയം പ്രളയതരം പ്രളയതമം
ലയമിതിലും ശില്‍പ്പത്തിന്‍ ക്രമം

പഞ്ചാരക്കടല്‍
കയ്ക്കാത്ത പകല്‍
കാണായി കാനായി
കല്‍കൊണ്ടൊരുറുമ്പിനെ.

കാനായി: ശില്‍പ്പി കാനായി കുഞ്ഞിരാമന്‍

5 comments:

രാജന്‍ വെങ്ങര said...

സത്യം പറയലോ.. എനിക്കൊന്നും മനസ്സിലയില്ലാ..അത്ര വിവരമില്ലാത്തതു കൊണ്ടാവും.
ഒന്നു തിരിയും വിധം ആരെങ്കിലും ഒന്നു പറഞ്ഞ് തരുമോ..ഞാനാകെ ഭ്രമിച്ചിരിക്കയാ.....പരിഭ്രമിച്ചിരിക്കയാ..!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

കൊസ്രാക്കൊള്ളി said...

കുറച്ചു നേരം പരിഭ്രമിച്ചു പിന്നെ ഭ്രമി
please open www.kosrakkolli.blog spot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പഞ്ചാരക്കടല്‍
കയ്ക്കാത്ത പകല്‍
കാണായി കാനായി
കല്‍കൊണ്ടൊരുറുമ്പിനെ.
very correct...........

abhi said...

❤❤❤❤