Friday, June 06, 2008

ഉയരം


1.

ജനലിനേക്കാൾ ഉയരമുള്ള തടവുകാരനുണ്ട്‌.

രാവിൽ
അവൻ
മേൽക്കൂരയ്ക്കു മുകളിലൂടെ
ബാഹ്യലോകം കാണും
പൂമരങ്ങൾ പിടിച്ചു കുലുക്കും
കടലിനെ വിക്ഷുബ്ധമാക്കും
പർവതങ്ങൾ ഫണം താഴ്ത്തും

അവന്റെ കുറ്റങ്ങൾ എവിടേയും തുടരും

അധികാരികൾ റോന്തുചുറ്റുമ്പോൾ
അവനൊരു ഉറക്കബിന്ദു

പാതിരായ്ക്ക്‌
ഉയരം ഇറങ്ങി നടക്കുന്നു.
പള്ളികളുടെ
വീടുകളുടെ
നായ്ക്കളുടെ
കൂണുകളുടെ
ചിലന്തികളുടെ
ഉയരങ്ങളായി പിരിഞ്ഞ്‌

ഭൂമിയിൽനിന്ന് മുകളിലേയ്ക്കുള്ള
എന്തും
ഉയരമാകുന്നു

ചന്ദ്രന്റെ ഉയരം
നക്ഷത്രങ്ങളുടെ ഉയരം
ഉയരങ്ങൾകൊണ്ട്‌ നമ്മുടെ നാവ്‌ കുഴഞ്ഞുപോകുന്നു

സൂര്യന്റെ ഉദയം
ഭ്രാന്തു പിടിപ്പിക്കുന്നു.

2.

പകലിനേക്കാൾ ഉയരമുള്ള
തടവുകാരനുണ്ട്‌

ജയിൽവളപ്പിൽ ചെടി നടുന്നവൻ
പത്രം വായിക്കുന്നവൻ
കത്തുകളെഴുതുന്നവൻ
നീതനായി
തന്റെ കഞ്ഞിയും പയറും
അവൻ കഴിക്കും

മുടിപറ്റേ വെട്ടിയും
നേർമീശവെച്ചും
കൂട്ടാളരോട്‌ സമരസപ്പെടും.

ഉച്ചക്ക്‌ തറയിലൊരു മയക്കം
സന്ധ്യയ്ക്ക്‌ സാഷ്ടാംഗ നമസ്കാരം

പ്രപഞ്ചത്തിൽ ഇടപെടാതെ
അഹിംസയുടെ മൂർത്തി
നീളംമാത്രം നൂൽക്കും

ഭൂമിക്ക്‌ മുകളിലുള്ള അവൻ
ഉയരമാകുന്നു.

No comments: