Saturday, June 07, 2008

ഇന്നലെവരെ കാണാത്തൊരാൾ
ഉഗ്രവർണ്ണ ഡിസൈനുകൾ ചേരും
ഷർട്ടണിഞ്ഞ്‌ വസന്തം വരുന്നു
ചുണ്ടിലുണ്ട്‌ ചുരുട്ടതിൽനിന്നും
ചെണ്ടുലഞ്ഞ്‌ സുഗന്ധം പരന്നു

അറ്റമില്ലാത്ത മീശനീൾത്തുമ്പിൽ
പറ്റമായിത്തുളുമ്പുന്നു തുമ്പി
ആർത്തിരമ്പിക്കുതിച്ചുള്ള പോക്കിൽ
ഷൂസുകൾ ഹയ്യ! താമരപ്പൂക്കൾ!
കോട്ടുമിട്ടക്കരിവണ്ടുടുത്ത
ക്കാട്ടിലും പൂപ്പരേഡെടുക്കുന്നോ?
അർദ്ധരാത്രിക്കരിമ്പനമേലും
അർത്ഥപൂർണ്ണം സുമം വന്നുദിച്ചോ?
അർത്ഥപൂർണ്ണം 'സ്മെയിൽ' വന്നുദിച്ചോ?

നിദ്രചെന്നു വിളക്കണയ്ക്കുമ്പോൾ
നിശ്ചലതക്കിനാവണയുമ്പോൾ
ഒത്തുകിട്ടുന്ന പാറയിൽ സ്വന്തം
വിശ്രമം അവൻ നിശ്ചയിക്കുന്നു
വിശ്രമം അവൻ കൊത്തിവെക്കുന്നു

തൊപ്പിപല്ലുകൾ താഴെ വെക്കുന്നു
പെട്ടി മെല്ലെത്തുറക്കുന്നു കൈകൾ
പുഷ്പബാണമല്ലുജ്ജ്വലമപ്പോൾ-
പ്പൊട്ടുമമ്മട്ടുബോംബിന്റെ കൺകൾ
തെല്ലു പുഞ്ചിരിക്കൊണ്ടതുവീണ്ടും
മല്ലികപ്പൂവുപോലെയാകുന്നു

ഇന്നലെവരെക്കാണാത്തൊരാളെ
ഇന്നു കണ്ടു നാം ഞെട്ടിത്തെറിക്കെ
തൻ മുഖംമൂടി മാറ്റിക്കുയിലി-
ന്നുന്മദം രൂപമായ്പ്പരുങ്ങുന്നു.

ഉഗ്രവർണ്ണ ഡിസൈനുകൾ പൊട്ടി-
ഷർട്ടു കീറിപ്പറിഞ്ഞിരിക്കുന്നു
ഉഗ്രവർണ്ണഡിസൈൻകളിൽ പാറ-
ക്കെട്ടു പൊട്ടിത്തകർന്നിരിക്കുന്നു.

1 comment:

Anonymous said...

a surreal experience