ഇവിടെ നര്‍മ്മദ ഉണ്ടായിരുന്നോ?
മക്കള്‍ ചോദിച്ചു.
മണലില്‍ പലതും നടന്നതിന്റെ പാടുകള്‍
ഞാന്‍തൊട്ടടുത്തുനിന്നവളുടെ
സാരിയൂരി മൂടി.
മദ്യപിച്ച് മറിഞ്ഞ എന്റെ പ്രൊഫസര്‍മലയെ
കളിവിളക്കുപോലെ സൂര്യന്‍കാത്തു.
പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കിടക്ക്
മക്കളോട് ഞാന്‍'ജനറല്‍ക്നോളഡ്ജ് ' ചോദിച്ചു
പടിഞ്ഞാറ്?
ചാടിയുത്തരം 'ചുവന്ന കടല്‍
കിഴക്ക്?
ചാടിയുത്തരം 'കാവിക്കടല്‍ '
തെക്ക്?
മൂത്തവന്‍കവിയായി 'എരിഞ്ഞടങ്ങല്‍
രണ്ടില്‍ ഗുളികന്‍ നിന്നവന്റെ
തലക്കു ഞാന്‍ കിഴുക്കി
ഉള്ളങ്കയ്യില്‍ ജലം എടുക്കുമ്പോള്‍
ഓര്‍മ്മ വരണം മുത്തച്ഛന്‍ പറഞ്ഞത്.
'ഗംഗേ ച യമുനേ ചൈവ
ഗോദാവരീ സരസ്വതീ
നര്‍മ്മദേ സിന്ധു കാവേരീ'
ബാക്കി എനിക്കോര്‍മ്മ വന്നില്ല
'കവിമോന്‍' കൊള്ളിച്ചു ചിരിച്ചു.
ഇതിനിടക്ക്
നരകാസുരവധം കഴിഞ്ഞ ആകാശം
പോലെയായി ഇളയവള്‍
ഞാനുമ്മവെച്ചുപോയ് ആ ചെങ്കൊടിയെ.
കാര്യവിചാരിപ്പുകാരി
ഭാര്യ പറഞ്ഞു;
'മണല്‍ വാരികളുടെ കൂടെ കുടിയ്ക്കരുത്
ചന്തി കഴുകാന്‍കടവില്‍ പോകരുത്
ചന്തമുള്ള വഞ്ചിയിലേ ഇരുന്നു പാടാവൂ
ചിന്തയില്‍ എപ്പോഴും കരുതണം
കാളിയേയും കുറുമാലിപ്പുഴയേയും'
ശുന്യതയില്‍ നിന്നെടുത്ത
അഞ്ഞൂറിന്റെ സത്തകൊണ്ട്
ടൈറ്റാനിക് ഉണ്ടാക്കി ഒഴുക്കി
ഞാനവള്‍ക്ക് ആദ്യത്തെ
ഹാര്‍ട്ട് അറ്റാക്ക് കൊടുത്തു.
അഗസ്ത്യന്റെ ഇരട്ടക്കുടങ്ങള്‍ മുഴക്കിയ
കവേരീപുരാണം അവസാനിച്ചു.
അടുത്ത ദിവസം തൊട്ട് എനിക്കു തൊടങ്ങി
പെരിയാര്‍എന്റെ താടി കത്തിച്ചു
നിള ലിംഗം ഞെരിച്ചു
കബനി വാള്‍കാതില്‍ ത്തറച്ചു
മണിമലയാറും നെയ്യാറും പമ്പയും
എന്നെ ഒരു ഇരുമ്പുപലകയില്‍ ക്കിടത്തി
ഷോക്കടിപ്പിച്ചത്
തെല്ല് തെളിയുന്നുണ്ട്
ചുറ്റുകൂടിയ നദികള്‍
വിലക്ഷണമായ എന്റെ പ്രതിബിംബം
അട്ടഹാസങ്ങളോടെ വാരിക്കോരിപ്പൂശി.
ഇന്നലെ ഭ്രാന്തു മാറി .
തല മൊട്ടയടിച്ചു
അമ്മ തന്ന തേങ്ങാപ്പൂള്‍കൊതിയോടെ തിന്നു
ഇപ്പോള്‍
വറ്റിപ്പോയ കൃഷ്ണമണികളോടെ
തിണ്ണയിലിരുന്ന്
സുഗതകുമാരിയെ വായിക്കുന്നു
എന്നിട്ടും എന്തോ അസ്വസ്ഥത
ഒന്നു ചിരിക്കണമെന്നുണ്ട്.