Sunday, March 09, 2008

കൃഷ്ണഘടന



ഘടനയറ്റൊരു രാത്രിയില്‍
ശ്രീകൃഷ്ണഘടന കൊത്തുന്നുവോ
നിന്റെ കയ്യുകള്‍

മുടിയിലെപ്പീലിമുറ്റിത്തഴപ്പതും
തിരുലലാടം തീര്‍ന്നുപൊന്തുന്നതും
മിഴികള്‍രണ്ടിലും താമരവന്നതും
ഒരുതിരവന്നുമൂക്കൊത്തുയര്‍ന്നതും
കുഴലൊടൊത്തിരുചുണ്ടുവിടര്‍ന്നതും
ഇടിമുഴക്കത്തൊടൊപ്പം കഴുത്തതും
കടലില്‍നിന്നുടല്‍ കേറിവളര്‍ന്നതും
പ്രളയമേ,യെന്നുവാഴ്ത്തി നീ നിന്നതും
ഘടനയറ്റൊരു രാത്രിയില്‍.

ശ്രീകൃഷ്ണഘടന കൊത്തുന്നുവോ
നിന്റെ കയ്യുകള്‍

ഉളിയിലെശ്ശബ്ദരാത്രികൊണ്ടീമന-
സ്സിളകിനില്‍ക്കുന്നു.

നിന്റെ വിയര്‍പ്പിന്റെ
തെരുതെരെക്കാറ്റ്‌
അരൂപത്തില്‍ നീചെയ്ത
കഠിനമാം കയ്യ്‌.
അതെന്നെ വിളിക്കുന്നു

'മുടിയിതു കല്ല് പീലിയും കല്ലല്ലോ
മുഖവും ഗാനവും പ്രേമവും കല്ലല്ലോ
മുതിരും രൂപമരൂപവും കല്ലല്ലോ
മതിവരാത്തൊരീ രാത്രിയും കല്ലല്ലോ'

തിരകളിങ്ങനെ പാടുന്നതോടൊത്ത്‌
കരവരെക്കേറി നില്‍ക്കുന്നു ശ്രീകൃഷ്ണന്‍
ഉരുവില്‍ കല്ലുളി വീഴുന്നതോടൊത്ത്‌
ഉരുവമാകാന്‍ കൊതിക്കുന്നു ശ്രീകൃഷ്ണന്‍

മുടിയിലെപ്പീലി കൊത്തുന്നനേരത്തെ
ഘടന
നെറ്റിയില്‍
മൂക്കില്‍
മിഴികളില്‍
കുഴലിലൊച്ചയില്‍ കര്‍മ്മത്തില്‍ കാമത്തില്‍
സകലസത്തിലും വീണു കല്ലിയ്ക്കുന്നു.

സഫലമാകുന്നു ശില്‌പിയും
ശ്രീകൃഷ്ണഘടന കൊത്തുന്ന
രാത്രിസങ്കല്‍പ്പവും.

4 comments:

ഗോപക്‌ യു ആര്‍ said...

i liked this poem

Sapna Anu B.George said...

ഇതും ‘ക്ഷ’ മനസ്സില്‍ പിടിച്ചിരിക്കുന്നു.......ഇത്ര നന്നായി എങ്ങിനെയാ വരികളുല്‍ വാക്കുകള്‍ ഒരുക്കുന്നത്???

Sapna Anu B.George said...

ഇതും ‘ക്ഷ’ മനസ്സില്‍ പിടിച്ചിരിക്കുന്നു.......ഇത്ര നന്നായി എങ്ങിനെയാ വരികളുല്‍ വാക്കുകള്‍ ഒരുക്കുന്നത്???

ശ്രീകുമാര്‍ കരിയാട്‌ said...

MANASSINE NJAAN ksha VARAPPICHILLE ?