Sunday, February 24, 2008

മരക്കുതിരകളുടെ രാത്രി





ഞങ്ങളുടെ വീട്ടില്‍
മരക്കുതിരകളുടെ രാത്രി.

മുറികളില്‍ അവ ചന്ദ്രനെ അനുസരിക്കുന്നു
കുട്ടികള്‍ മാത്രം ഓടുന്നതു കാണുന്നു

എന്റെ മരിച്ച അപ്പന്‍
ഉണ്ടാക്കിവെച്ച കുതിരകള്‍ പാഴാകുന്നില്ല
വീട്ടില്‍ മരക്കുതിരകളുടേതാണ്‌ രാത്രി

ആരും ജനിക്കുന്നില്ല
ആരും മരിക്കുന്നില്ല
ഉണ്ണുന്നില്ല ഒരുങ്ങുന്നില്ല
ഇവിടെ മരക്കുതിരകളുടെ രാത്രിയാണ്‌
ഒരോ മുറിക്കും ഓരോരുത്തരുണ്ട്‌
അവര്‍ പുതച്ചുറങ്ങുന്നു
സ്ത്രീകളില്ല പുരുഷന്മാരില്ല
അവയവങ്ങളില്ല
മരക്കുതിരകള്‍
അവരുടെ രാത്രി.

വാതിലുകള്‍ തുറന്നിടുന്നു
വാതിലുകള്‍ അടച്ചിടുന്നു
കാറ്റടിക്കുന്നു ഉഷ്ണം പെരുകുന്നു
മരക്കുതിരകളുടെ രാത്രി
മനുഷ്യരേക്കാള്‍ ഇരട്ടി ഉയരത്തില്‍
യാഥാര്‍ത്ഥ്യം അനുസരിച്ച്‌
കൊല്ലങ്ങള്‍ ഇരുന്ന് പണിതീര്‍ത്ത
മരക്കുതിരകളുടെ രാത്രി.

കണക്ക്‌ തെറ്റാറില്ല
കടിഞ്ഞാണിടാറില്ല
പുല്‍മൈതാനങ്ങള്‍ തഴ്യക്കും
മുതിര കൊടുക്കും
വേഗം കരുത്ത്‌ ഭൂതകാലം
മരക്കുതിരകള്‍ മരക്കുതിരകള്‍ മരക്കുതിരകള്‍
രാത്രി.

മരത്തടികളില്‍ കുതിരകള്‍ ആരംഭിക്കുന്നു
അപ്പന്‍ ജനിക്കുന്നു
കുളമ്പ്‌ അപ്പന്‍ തിളങ്ങുന്ന ശ്രദ്ധ
കാല്‍കള്‍ അപ്പന്‍ കുതിക്കുന്ന നിഴല്‍
ഉടല്‍ അപ്പന്‍ വിയര്‍ക്കുന്ന സബ്ദം
നീളം അപ്പന്‍ കിതയ്ക്കുന്ന ശബ്ദം
വെളുപ്പ്‌ അപ്പന്‍ ഉറയ്ക്കുന്ന സ്വപ്നം
പ്രാണന്‍ അപ്പന്‍ കറുക്കുന്ന സ്പര്‍ശം

മരക്കുതിരകളുടെ രാത്രി
ഞങ്ങളുടെ വീട്ടില്‍

No comments: